കഷണ്ടി തല.
മിക്കവർക്കും ഇപ്പൊ കഷണ്ടി ഉണ്ട്. അതിൽ ആരും കളിയാക്കാറുമില്ല.
അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നല്ലേ ചൊല്ല്.
പണ്ടൊക്കെ കഷണ്ടിക്ക് മരുന്നുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് ധാരാളം പരസ്യങ്ങൾ കാണാമായിരുന്നു. എന്റെ ചെറുപ്പത്തിൽ ഏതോ ഒരു കമ്പനി വൻപ്രശസ്തി നേടി ഇമ്മിണി കാശുണ്ടാക്കിയപ്പോൾ ഏതോ ഒരു സാമദ്രോഹി ആ പാവത്തുങ്ങൾക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു കമ്പനി പൂട്ടിച്ചത് ഓർമ്മയിൽ വരുന്നുണ്ട്.
അതൊക്കെ പോട്ട് , നമ്മുടെ കഥയിലേക്ക് കടക്കാം.
അന്ന് , അതായത് എന്റെ ചെറുപ്പത്തിൽ, ഇവിടത്തെ ഗവൺമെന്റ് ആശുപത്രി അഞ്ച് കിലോമീറ്റർ അകലെ പൈനാവിൽ ആയിരുന്നു. ഗവൺമെന്റ് ആശുപത്രി അവിടെ വരുന്നതിനു മുൻപ് ആകെ ആശ്രയം കെ എസ് ഇ ബി വക ചെറിയ ഒരു ആശുപത്രി വാഴത്തോപ്പിൽ ഉണ്ടായിരുന്നതാണ്. എന്തായാലും ഗവൺമെന്റ് ആശുപത്രി വന്നതോട് കൂടി നാട്ടുകാർക്ക് ആശ്വാസമായി. ഈ ആശുപത്രി പിന്നീട് വിപുലീകരിച്ചു ജില്ലാ ആശുപത്രിയായും , ഇപ്പോൾ മെഡിക്കൽ കോളേജ് ആയും ഉയർത്തി, എന്റെ താമസ സ്ഥലത്തു നിന്നും അരകിലോമീറ്റർ ദൂരത്തേക്ക് വന്നിട്ടുണ്ട്.
പറഞ്ഞു വന്ന കാര്യം വഴിമാറിപോയതല്ല, ഒരു ആമുഖം പറഞ്ഞെന്നെ ഉള്ളൂ.
ആദ്യം പറഞ്ഞതുപോലെ അസുഖം വന്നാൽ അഞ്ചുകിലോമീറ്റർ ബസ് യാത്ര ചെയ്തു, വീണ്ടും ഒരു അരകിലോമീറ്റർ നടന്നെങ്കിലേ ആശുപത്രിയിൽ എത്തുമായിരുന്നുള്ളു. ( പിന്നീട് പൈനാവ് ടൗണിൽ തന്നെ - ആദ്യകാല കളക്ട്രേറ്റ് ബിൽഡിങ്ങിലേക്ക് മാറ്റി ).
മഴക്കാലമാണ്, പനിയും ജലദോഷവും മറ്റസുഖങ്ങളും പടർന്ന് പിടിക്കുന്ന സമയം. എനിക്കും വന്നു പനിയും ജലദോഷവും. അന്നൊക്കെ അസുഖം വന്നാൽ സന്തോഷമാണ്. കാരണം സ്‌കൂളിൽ പോവണ്ടല്ലോ. അത് തന്നെ. രാവിലെ 'അമ്മ പണിക്ക് പോകുന്നതിനു മുൻപ് തന്നെ എല്ലാവരെയും കുത്തിപ്പൊക്കി എണീപ്പിച്ചു ഓരോ ജോലികൾ പറഞ്ഞേൽപ്പിക്കും. അക്കാര്യത്തിൽ എനിക്കൊഴിവുണ്ടെങ്കിലും ഒരു ജോലി എനിക്കുള്ളതാണ്. പശുവിനെയും കിടാങ്ങളെയും വെളിപ്രദേശത്തു അഴിച്ചു കൊണ്ടുപോയി വിടുക എന്നുള്ളത്. അതിനായി എന്നെ കുത്തിപ്പൊക്കാനായി വന്നതാണ്. മൂടി പുതച്ചു കിടന്ന എന്റെ പുതപ്പ് വലിച്ചു മാറ്റി തൊട്ടു വിളിച്ചു
"ടാ ശിവൻകുട്ടി, എണീറ്റെ"
ഞാനൊന്ന് ഞരങ്ങി. എന്തോ പന്തികേട് തോന്നിയ 'അമ്മ നെറ്റിയിൽ കൈവച്ചു നോക്കിയപ്പോൾ നല്ല പനി .
"ചെറുക്കനോട് മഴയത്ത് കളിക്കാൻ പോകരുതെന്ന് പറഞ്ഞാൽ കേൾക്കില്ല. ദേ പനിയും കൊണ്ട് വന്നിരിക്കുന്നു."
പിന്നെയും എന്തൊക്കെയോ ശകാരങ്ങൾ വീഴുന്നുണ്ട്. എനിക്കാണെങ്കിൽ സ്‌കൂളിൽ പോകണ്ടല്ലോ എന്ന സന്തോഷവും , ഒപ്പം പനിയുടെ അസ്കിതയും ഒരുമിച്ചാണ്. ഇങ്ങിനെ ഓർത്തു കിടക്കുമ്പോൾ അമ്മയുടെ ശബ്ദം വീണ്ടും
"ടാ, ചെറുക്കാ ഡെസ്കിന്റെ പൊറത്ത് കാശ് വച്ചിട്ടൊണ്ട് , ആശൂത്രീ പോയി മരുന്ന് മേടിച്ചോണം. കൊയ്‌നാ വെള്ളത്തിന് കുപ്പീം എടുക്കണം."
കൊയ്‌നാ വെള്ളം അങ്ങിനെയാണ് ആശുപത്രിയിൽ നിന്നും തരുന്ന മരുന്നിന് പ്രാദേശിക ഭാഷ. അതിന്റെ കാര്യം ഓർക്കുമ്പോൾ തന്നെ മനംപിരട്ടൽ ഉണ്ടാകും. കുടിക്കുന്നതിനേക്കാൾ വേഗത്തിൽ പുറത്തേക്ക് പോകുന്ന ഒരുതരം പ്രത്യേക ശക്തിയാണ് അതിനു. അപ്പോൾ ഒരു ഡൈനാമോ മുൻപിൽ വച്ചാൽ നൂറു വാട്ടിന്റെ ഇലക്ട്രിക് ബൾബ് കത്തും . അത്രക്ക് ശക്തിയോടെ ആണ് അത് പുറത്തേക്ക് വരിക.
എന്തായാലും ആശുപത്രിയിൽ പോകുന്നതിന് ഒരു പ്രത്യേക ഉത്സാഹമാണ് അന്നൊക്കെ. അന്നത്തെ ബസ് കാശ് അമ്പതു പൈസയോ മറ്റോ ആണെന്ന് തോന്നുന്നു. ആശുപത്രിയിൽ പോകാൻ പറഞ്ഞിട്ട് പുള്ളിക്കാരി പണിക്ക് പോയി. ഞാൻ വേഷം മാറി ഡെസ്കിന്റെ പുറത്തു വച്ചിരുന്ന കാശ് എടുത്തു കീശയിൽ ആക്കിയിട്ട് പതുക്കെ അവിടൊക്കെ പരതി ഒരു കുപ്പി സംഘടിപ്പിച്ചു. എന്നിട്ട് പതിയെ മൂലയിൽ വച്ചിരുന്ന ചെറിയ കുടയും എടുത്തു നടന്നു. നടന്നു എന്നുപറഞ്ഞാൽ കയറ്റമാണ് വണ്ടിക്കൂലി ലാഭിക്കണം. ആ കാശിനു ചില ലൊട്ടു ലൊടുക്ക് സാധനങ്ങൾ വാങ്ങണം. അതാണ് ഉദ്ദേശം. അഞ്ചു കിലോമീറ്റർ ദൂരം പോകാതെ ഒരു കുറുക്കു വഴി പിടിച്ചു മൂന്നു കിലോമീറ്ററിൽ പൈനാവിൽ എത്തി. കയറ്റം കയറിയതിന്റെയും , പനിയുടെയും കൂടിയായപ്പോൾ ആകെ വശംകെട്ടു. പിന്നെയും അരകിലോമീറ്റർ നടന്നു ഒരു വിധം ആശുപത്രിയിൽ എത്തി ക്യൂവിൽ നിന്നു . പെട്ടന്ന് തലചുറ്റുന്നത് പോലെ തോന്നി. കണ്ണിലേക്ക് ഇരുട്ട് കയറി. കണ്ണ് തുറക്കുമ്പോൾ ഒരു ഇരുമ്പ് കട്ടിലിൽ കിടക്കുന്നതായിട്ടാണ് മനസ്സിലായത്. ഒരു നേഴ്‌സ് എന്റെ മൂക്കിലേക്ക് കടുത്ത ഗന്ധമുള്ള ഒരു പഞ്ഞി വയ്ക്കുന്നു. അതിന്റെ മണം അടിച്ചാൽ മരിച്ചു കിടക്കുന്നവർ എണീറ്റോടും. എന്തായാലും എനിക്ക് ഓടാനുള്ള ശേഷി ഇല്ലാതിരുന്നത് കൊണ്ട് പതിയെ മുഖം തിരിച്ചുകളഞ്ഞു. അപ്പോൾ നേഴ്‌സ് പറയുന്നത് കേട്ടു
" ഡോക്ടറെ ഇവൻ കണ്ണുതുറന്നു."
അത് കേട്ടഡോക്ടർ എന്റടുത്തു വന്നു, പേരും വയസ്സും കൂടെ ആരുമില്ലേ എന്നിത്യാദി ചോദ്യങ്ങൾ ചോദിച്ചു , ആകെ മൊത്തം പരിശോധിച്ചു മരുന്നും കുറിച്ച് തന്നു. ഇതിനിടയിൽ എന്റെ കയ്യിലിരുന്ന കുപ്പി ഞാൻ താഴെവീണപ്പോൾ എന്നോടുള്ള സ്നേഹം കൊണ്ട് കൂടെ വീണു, എന്റെ ദയനീയാവസ്ഥകണ്ട് സ്വയം പൊട്ടിച്ചിതറി പോയി. ആരോ അതൊക്കെ പെറുക്കി കളഞ്ഞു അവിടം ക്ളീൻ ആക്കിയിരുന്നു.
ഇതിനിടയിൽ നേഴ്സമ്മ എന്റെ കുറെ കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞിരുന്നു. ഒറ്റക്കാണ് വന്നതെന്നും അമ്മ കൂലിപ്പണിക്ക് പോയതാണെന്നും കാശ് ലാഭിക്കാൻ വേണ്ടി, വയ്യാതിരുന്നിട്ടും നടന്നാണ് വന്നതെന്നും , ആ കാശിനു ലെൻസ് വാങ്ങാനായിരുന്നു ഉദ്ദേശമെന്നും ( അതെന്തിനാണെന്ന് പിന്നീട് പറയാം) അങ്ങനെ കുറെ കാര്യങ്ങൾ. എന്തോ പുള്ളിക്കാരിക്ക് എന്നെ അങ്ങ് 'ക്ഷ' പിടിച്ചു. പുള്ളിക്കാരിതന്നെ ആശുപത്രിയിൽ നിന്നും ഒരു കുപ്പി സംഘടിപ്പിച്ചു കൊയ്‌നാ വെള്ളവും ഗുളികയും ഒരു കടലാസിൽ പൊതിഞ്ഞു തന്നുവിട്ടു. കൂടെ ഒരു ഒറ്റരൂപാ നോട്ടും തന്നു.
"നടന്നു പോകണ്ട ബസിനു പോയാൽ മതി , ബാക്കി കാശിനു നീ ലെൻസ് വാങ്ങിക്കോ" എന്നും പറഞ്ഞാണ് ഓൾ യാത്ര ആക്കിയത്. ഇപ്പോഴും അറിയാത്ത കാര്യമാണ് എന്തുകൊണ്ടാണ് അവർ എന്നോട് അത്രയും താല്പര്യം കാണിച്ചതെന്ന്.
എന്തായാലും നല്ല ക്ഷീണമുണ്ട് , കയ്യിൽ രണ്ടു രൂപയുണ്ട്. ഒന്ന് 'അമ്മ തന്നതും രണ്ടാമത്തേത് നേഴ്സമ്മ തന്നതും.
പൈനാവ് ടൗണിൽ എത്തി. അടുത്തുള്ള ചായക്കടയിൽ നിന്നും ഒരു ചായയും ഒരു ബോണ്ട (ചില സ്ഥലങ്ങളിൽ ഉണ്ടംപൊരി എന്ന് പറയും) യും കഴിച്ചു. ആശുപത്രിയിൽ വച്ച് ഇതിനിടയിൽ ഒരു ഇഞ്ചക്ഷൻ എടുത്തിരുന്നു. അതിന്റെ ഒരു ചെറിയ വേദനയും ഉണ്ട് കൈയ്യിൽ. എങ്ങിനെയും വീട്ടിൽ ചെന്ന് കിടന്നാൽ മതിയെന്നാണ് മനസ്സിൽ , ക്ഷീണം കാരണം ചെറിയ മയക്കം വരുന്നുണ്ട്. അന്നൊക്കെ അധികം ബസ് സർവീസ് ഇല്ല വളരെ നേരം കാത്തു നിന്ന് ഒരു ബസ് വന്നു നല്ല തിരക്ക് . അടുത്ത ബസിനു കേറണമെങ്കിൽ വീണ്ടും മണിക്കൂറുകൾ കാത്തിരിക്കണം. ചെറിയ ചാറ്റൽ മഴയും നല്ല തണുപ്പും .
രണ്ടും കല്പിച്ചു ബസിൽ കയറിപ്പറ്റി. ഒതുങ്ങിയ സ്ഥലം നോക്കി ബസിന്റെ മധ്യ ഭാഗത്തു ചെന്ന് നിലയുറപ്പിച്ചു. മുകളിലെ കമ്പിയിൽ പിടിക്കാൻ കൈ എത്തില്ല. അപ്പൊ സീറ്റിനോട് ചേർന്നുള്ള പോസ്റ്റിൽ പിടിച്ചു നിന്നു. ഇടതു കയ്യിൽ കുടയും മരുന്നും എല്ലാം കൂട്ടിപ്പിടിച്ചു വലതു കൈ മുകളിലേക്ക് ഉയർത്തി പിടിച്ചു തല പതിയെ കയ്യിലേക്ക് ചെരിച്ചു വച്ച് നിൽപ്പാണ്. ബസിന്റെ ആടിയുലച്ചിലിനൊപ്പം ബാലൻസ് ചെയ്തു പോവുകയാണ് അപ്പോഴാണ് ആ അത്യാഹിതം ഉണ്ടാവുന്നത്.
ഞാൻ ചെറുതായി ഒന്ന് മയങ്ങി പോയി. മയക്കത്തിൽ വലതു കയ്യിന്റെ പിടുത്തം അയഞ്ഞു. കൈ മെല്ലെ താഴേക്ക് ഊർന്നിറങ്ങി ഊർന്നിറങ്ങിയപ്പോ കൈ മടങ്ങി കൈമുട്ട് മുന്നോട്ട് തള്ളി. സീറ്റിനോട് ചേർന്നിരുന്ന ചേട്ടന്റെ തലയിൽ ചെന്നിടിച്ചു. പെട്ടന്ന് ബോധം വന്നു കൈ നേരെയാക്കി . ചേട്ടൻ അതി രൂക്ഷമായി എന്നെ ഒരു നോട്ടം. ഞാൻ ഒന്നുമറിയാത്തതു പോലെ നിന്നു . ചേട്ടൻ ആള് മുഴു കഷണ്ടിയാണ്. ആ കഷണ്ടി തലയിലാണ് എന്റെ കൈമുട്ട് ചെന്ന് പതിച്ചത്. വീണ്ടും ഞാൻ പഴയപടി കയ്യിൽ തല ചേർത്ത് വച്ച് നിൽക്കാൻ തുടങ്ങി. വണ്ടി ആടിയുലഞ്ഞു പോയ്കൊണ്ടേ ഇരുന്നു. പിന്നെ കയ്യിലൊരു വേദന തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. സംഭവം എന്റെ കൈമുട്ട് വീണ്ടും ചേട്ടന്റെ കഷണ്ടി തലയിൽ വീണിരുന്നു. അപ്പോൾ എന്റെ കയ്യിൽ ഒരു പിച്ച് തന്നതാണ് ആള്, എനിക്ക് വേദനിക്കാൻ കാരണം.
"അറിയാതെ പറ്റിയതാണ് ചേട്ടാ" എന്ന് പറഞ്ഞു ഒരുവിധം രക്ഷപെട്ടു. അപ്പോഴാണ് കഷ്ടകാലത്തിങ്കൽ 'ചിലത്' പാമ്പായും വരും എന്ന് പറയുന്നത്. ആ സമയം എന്റെ ഇടതു കയ്യിൽ കൂട്ടി പിടിച്ചു വച്ചിരുന്ന കുടയും മരുന്ന് കുപ്പിയും താഴേക്ക് ഊർന്നിറങ്ങിയത്. കുപ്പി താഴെ വീണാൽ പൊട്ടും. മരുന്ന് പോകും, കൂടാതെ ആൾക്കാരുടെ കാലിൽ ചില്ല് തറച്ചു കയറും. അതിനു മുൻപേ പെട്ടന്നു കുനിഞ്ഞു ചാടി കുപ്പി പൊട്ടാതെ പിടിച്ചു . ആനിമിഷം എന്റെ പുറത്തു എന്തോ ശക്തിയായി വന്നു പതിക്കുന്നത് അനുഭവപ്പെട്ടു. സംഗതി ഇതാണ് കുപ്പിയും കുടയും പിടിക്കാനായി കുനിഞ്ഞപ്പോ വീണ്ടും എന്റെ വലതുകൈ താഴേക്ക് വന്നിരുന്നു. ഹതഭാഗ്യത നിറഞ്ഞ ആ കഷണ്ടിത്തലയിൽ വീണ്ടും എന്റെകൈമുട്ടു എങ്ങിനെയോ പതിഞ്ഞിരുന്നു. അതിന്റെ കലിപ്പ് എന്റെ പുറത്തു തീർത്തതാണ് ആ ചേട്ടൻ. എന്റെ കുറ്റമാണ് എന്റെ മാത്രം കുറ്റമാണ് എന്ന വിചാരത്താൽ നമ്ര ശിരസ്കനായി ശിക്ഷ ഏറ്റുവാങ്ങി , ഇനിയും അങ്ങിനെ സംഭവിക്കരുതെന്നു കരുതി കുറച്ചു കൂടി പുറകിലേക്ക് മാറി നിലകൊണ്ടു. ഇപ്പോൾ എനിക്ക് പിടിക്കാൻ തൂണില്ല , പകരം സീറ്റിന്റെ ഒരുവശത്താണ് പിടിച്ചിരിക്കുന്നത്.
ഇതിനിടയിൽ എന്റെ മയക്കമെല്ലാം പോയിരുന്നു. ഇറങ്ങാനുള്ള സ്റ്റോപ്പ് അടുക്കാറായി , എല്ലാം ഒന്ന് ശരിയാക്കി വച്ച് ഇറങ്ങാം എന്ന് നിനച്ചു. മുൻപേ പറഞ്ഞ കഷ്ടകാലം വീണ്ടും മറ്റൊരു രൂപത്തിൽ വരുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. പിടിക്കാൻ എളുപ്പത്തിനായി മരുന്ന് കുപ്പി കുടയുടെ ശീലക്കുള്ളിലേക്ക് തിരുകി കയറ്റിയാൽ ഇറങ്ങാൻ എളുപ്പമാകും. അതിനായി കുടയെടുത്തു അതിന്റെ ശീല അകറ്റി മരുന്നുകുപ്പി അതിനകത്താക്കിയ നിമിഷമാണ് ഏതോ സാമദ്രോഹി റോഡിനു വട്ടം ചാടിയത്. ഡ്രൈവർ അണ്ണൻ ഒറ്റ ചവിട്ട് , ബസ് സഡൻ ബ്രെക്ക്. അല്പം കുനിഞ്ഞു നിന്ന എന്റെ ബാലൻസ് തെറ്റി കുനിഞ്ഞു തന്നെ മുൻപോട്ട് കുതിക്കുന്നു. എന്റെ തല എവിടെയോ തട്ടി നിൽക്കുന്നു. മുഖമുയർത്തി നോക്കിയപ്പോൾ മേല്പടി കഷണ്ടി ചേട്ടന്റെ അതി രൂക്ഷമായ ഭാവം . അങ്ങേരു പല്ലു ഞെരിച്ചു കൊണ്ട് എഴുന്നേൽക്കുന്നത് കണ്ടു. പിന്നൊന്നും നോക്കിയില്ല എന്റമ്മച്ചിയെ എന്നലറികൊണ്ട് ഡോറിനടുത്തേക്ക് ഞാൻ കുതിച്ചു. അന്നത്തെ ബസിനൊന്നും ഇന്നത്തെപോലെ തുറന്നടക്കുന്ന വാതിലുകൾ ഇല്ലാതിരുന്നത് എന്റെ ഭാഗ്യം.
Comments