സമരം സമം കല - സത്യപാൽ

സമരം സമം കല
സത്യപാൽ 12 -02 -2024 - ദേശാഭിമാനി വാരിക ( മുൻ ചെയർമാൻ - കേരളാ ലളിതകലാ അക്കാദമി )






മനുഷ്യ ചരിത്രത്തിലെ സമരോത്സുകമായ വർഗ്ഗസമരങ്ങളുടെ എരിഞ്ഞു തീരാത്ത ഏടുകൾ ഭൂതകാല സ്മൃതികളിൽ നിന്നും വർത്തമാനകാലത്തിന്റെ ക്യാൻവാസുകളിലേക്ക് പകർത്തി മനുഷ്യരാശി താണ്ടി കടന്ന കനൽ വഴികളുടെ ദീർഘമായ ദൂരങ്ങളത്രയും കലയിലൂടെ അളന്നു തിട്ടപ്പെടുത്തി ജർമ്മൻ സമൂഹത്തിന്റെ ഓർമ്മകളെ ജ്വലിപ്പിച്ച കലാകാരിയാണ് കേഥെ കോൾവിറ്റ്സ്സ്. ജീവിതകാലം മുഴുവൻ ഭരണകൂട ഭീഷണികളെയും, വധശ്രമങ്ങളെയും നേരിട്ട അവർ സാമൂഹ്യ നീതിക്കും സമൂഹത്തിലെ പാവപ്പെട്ടവർക്ക് വേണ്ടിയും പീഡിതരുടെ പക്ഷം ചേർന്നു കൊണ്ടാണ് രചനകൾ നിർവഹിച്ചത്. കേഥെ കോൾവിറ്റ്സ്സ് സോഷ്യലിസ്റ്റ് ആശയങ്ങളിൽ അചഞ്ചലമായ വിശ്വാസം പുലർത്തിയിരുന്ന കലാകാരിയായിരുന്നു. കൊടിയ ചൂഷണങ്ങളും ക്രൂരമായ മർദ്ദനങ്ങളും ഭരണകൂട ഭീകരതയും നടമാടിയിരുന്ന കാലത്തായിരുന്നു കേഥെ കോൾവിറ്റ്സ്സിന്റെ ജർമ്മനിയിലെ കലാപ്രവർത്തനം. ജർമ്മനിയുടെ ഭൂതകാലങ്ങളെ വിറകൊള്ളിച്ച നെയ്ത്തുകാരുടെയും, കർഷകരുടെയും, തൊഴിലാളികളുടെയും, പ്രക്ഷോഭങ്ങളും പ്രക്ഷോഭകർക്ക് നേരെ ഭരണകൂടം നടത്തിയ പീഡനങ്ങളും, അടിച്ചമർത്തലുകളും കേഥെയുടെ രചനകളിലെ പ്രധാന പ്രമേയങ്ങളായിരുന്നു. വർത്തമാനകാല ദുരിതങ്ങളെ നേരിടാൻ സമൂഹത്തിന് ധൈര്യവും ഊർജ്ജവും പകർന്നു നൽകുക എന്നതായിരുന്നു ഈ ചിത്രങ്ങളിലൂടെ അവർ ലക്ഷ്യമിട്ടത്. ചിത്രകാരിയും, ശില്പിയും, പ്രിന്റു മേക്കറും, വാസ്തു ശില്പിയുമായ കേഥെ കോൾവിറ്റ്സ്സ് വുഡ്കട്ടിലും, ലിത്തോഗ്രാഫിയിലും, ഏച്ചിങ്ങിലും അസാമാന്യ പ്രതിഭ നിറഞ്ഞ കലാകാരിയായിരുന്നു. പ്രശസ്ത ഇന്ത്യൻ കലാകാരന്മാരായ ചിത്ത പ്രസാദിനെയും, സോംനാഥ് ഹോറിനേയും വളരെയേറെ സ്വാധീനിച്ചിരുന്നു കെഥെ കോൾവിറ്റ്സ്സ്. ഇന്ത്യയിലെ സ്വാതന്ത്രസമര പോരാട്ടങ്ങളും, നിരവധി തൊഴിലാളി സമരങ്ങളും, ബംഗാൾ ക്ഷാമവും പ്രമേയമാക്കി രചനകൾ നിർവഹിച്ച കലാകാരന്മാരായിരുന്നു ചിത്ത പ്രസാദും,
സോംനാഥ് ഹോറും.
സമരം കലയുടെ പര്യായപദമാണെന്നു തന്റെ പ്രവർത്തികളിലൂടെ, ചരിത്രത്തിൽ എഴുതിച്ചേർത്ത കലാകാരി കേഥെ കോൾവിറ്റ്സ്സ് 1867 ജൂലൈ 8നു കിഴക്കൻ പ്രഷ്യയിലെ കോണിംഗ്സ് ബർഗ്ഗിലായിരുന്നു ജനിച്ചത്.
ഈ പ്രദേശം ഇപ്പോൾ റഷ്യയിലെ കാലിനിൻഗ്രാഡാണ്‌. ഉൽപ്പതിഷ്ണുക്കളും പുരോഗമനവാദികളുമായിരുന്ന കാൾ ഷ്മിത്ത്, കാതറീന ഷ്മിത്ത് എന്നിവരായിരുന്നു കെഥെയുടെ മാതാപിതാക്കൾ.
ഷ്മിത്ത് ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായിരുന്നു കേഥെ. കെട്ടിട നിർമ്മാണ വ്യവസായത്തിൽ ഏർപ്പെട്ടിരുന്ന കാൾ ഷ്മിത്ത് ഒരു റാഡിക്കൽ സോഷ്യൽ ഡെമോക്രാറ്റായിരുന്നു. സോഷ്യലിസ്റ്റ് ചിന്താഗതികൾ സഭയിൽ ചർച്ചയാക്കിയതിനെ തുടർന്ന്, ഔദ്യോഗിക ഇവാഞ്ചലിക്കൽ സ്റ്റേറ്റ് ചർച്ചിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് ഒരു സ്വതന്ത്ര സഭ സ്ഥാപിച്ച ലൂഥറൻ പാസ്റ്ററായ ജൂലിയസ് റുപ്പിൻ്റെ മകളായിരുന്നു കേഥെയുടെ അമ്മ കാതറീന ഷ്മിത്ത്. മതത്തെയും സോഷ്യലിസത്തെയും കുറിച്ചുള്ള ആശയങ്ങൾ മുത്തച്ഛൻ ജൂലിയസ് റുപ്പിൽ നിന്നും കുട്ടിക്കാലത്തു തന്നെ കേഥെ കോൾവിറ്റ്സ്സ്‌ ഗ്രഹിച്ചിരുന്നു. ഈ അറിവുകൾ അവളുടെ വിദ്യാഭ്യാസത്തെയും കലാപ്രവർത്തനത്തെയും ആഴത്തിൽ സ്വാധീനിച്ചു. സോഷ്യലിസത്തെക്കുറിച്ച് പകർന്നു കിട്ടിയ പാഠങ്ങളാണ് മാനവികതയുടെയും കാരുണ്യത്തിന്റെയും സ്പർശമുള്ള
കലകൾ സൃഷ്ടിക്കുവാൻ കേഥെ കോൾവിറ്റ്സ്സിനെ പ്രാപ്തയാക്കിയത്. മതം ചൂഷിതരോടൊപ്പം ചേർന്നു മനുഷ്യ മോചനത്തിന് വേണ്ടി പൊരുതണമെന്ന ആശയങ്ങൾ നിറഞ്ഞ നിരവധി സൃഷ്ടികൾ കേഥെ രചിച്ചു. മനുഷ്യ മോചനത്തിനു വേണ്ടി പോരാടിയ സോഷ്യലിസ്റ്റായ ഒരു പ്രവാചകനായാണ് കേഥയുടെ മനസ്സിൽ ജീവിച്ചിരുന്ന ക്രിസ്തു. ലിബറേഷൻ തിയോളജിയുടെ ആശയാവലികൾ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പടരുന്നതിനു നിരവധി പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ അതിന്റെ വിമോചന സങ്കല്പങ്ങൾ കേഥെയുടെ മനസ്സിൽ മുള പൊട്ടിയിരുന്നു.
മകളുടെ ചിത്രകലയിലെ കഴിവുകൾ തിരിച്ചറിഞ്ഞ പിതാവ് കാൾ ഷ്മിത്ത് 1879ൽ അവൾക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ചിത്ര ശിൽപ്പ കലകളുടെ പരിശീലനത്തിനായി ഒരു പ്രാദേശിക കലാവിദ്യാലയത്തിൽ ചേർത്തു. കേഥെ റിയലിസ്റ്റിക് രീതിയിലുള്ള ചിത്രങ്ങൾ വരയ്ക്കുവാൻ തുടങ്ങി. പിതാവിനോടൊപ്പം ജോലി ചെയ്തവരെയും, തൊഴിലാളികളുടെയും, സമൂഹത്തിലെ ഇതര ജനവിഭാഗങ്ങളായ നാവികരുടെയും, കർഷകരുടെയും, തെരുവില മനുഷ്യരുടെയും ചിത്രങ്ങൾ അവൾ വരച്ചു. മനുഷ്യരൂപങ്ങളോടായിരുന്നു അവൾക്ക് ഏറെ പ്രിയം.
മാക്‌സ് ക്ലിംഗർ, കാൾ സ്റ്റാഫർ ബേൺ തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ സ്റ്റുഡിയോയിൽ പിന്നീട് കലാപരിശീലനം നേടിയ കേഥയെ മാക്‌സ് ക്ലിംഗറിൻ്റെ കലാനിർമ്മിതികൾ വളരെയേറെ പ്രചോദിപ്പിച്ച ഘടകങ്ങളിലൊന്നായിരുന്നു.
തുടർന്ന് മ്യൂണിക്കിൽ അവൾചിത്രകലാ പഠനത്തിനായി ചേർന്നു.
മ്യൂണിക്കിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾക്ക് പതിനേഴു വയസ്സുള്ളപ്പോൾ അവളുടെ സഹോദരൻ കോൺറാഡ് അദ്ദേഹത്തിന്റെ സുഹൃത്തായ മെഡിക്കൽ വിദ്യാർത്ഥി
കാൾ കോൾവിറ്റ്സ്സിനെ കേഥയെ പരിചയപ്പെടുത്തുന്നത്. മ്യൂണിക്കിൽ കല പഠിക്കുമ്പോൾ കാൾ കോൾവിറ്റ്സ്സുമായി
കേഥെ പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാകുകയും ചെയ്തു. ചിത്രകലാ പഠനം പൂർത്തിയാക്കിയ കേഥെ
1890-ൽ ഭർത്താവ് ഡോക്ടർ കാൾ കോൾവിറ്റ്സ്സിനൊപ്പം കൊണിംഗ്സ് ബർഗിലേക്ക് മടങ്ങി. കൊണിംഗ്സ്ബർഗിൽ അവർ വാടകക്കെടുത്ത ഒരു കെട്ടിടത്തിൽ തൻ്റെ ആദ്യത്തെ സ്റ്റുഡിയോ തുടങ്ങുകയും ജീവിതത്തിലെ മുഴുവൻ സമയ പ്രവർത്തനമായി ചിത്രകലയെ കേഥെ സ്വീകരിക്കുകയും ചെയ്തു. ഇവിടെ വച്ചാണ് അവർ ജർമൻ തൊഴിലാളികളുടെ യാതനാപൂർണ്ണമായ ജീവിത സന്ദർഭങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങൾ വരച്ചു തുടങ്ങുന്നത്.
റിയലിസ്റ്റിക് രീതി തന്റെ ആത്മാവിഷ്കാരങ്ങൾക്ക് ദൃശ്യ ഭാഷ്യം നൽകാൻ പ്രാപ്തമല്ലെന്ന് തിരിച്ചറിഞ്ഞ കേഥെ എക്സ്പ്രഷനിസ്റ്റ് ശൈലി സ്വീകരിച്ചു തുടങ്ങി. തൊഴിലാളി ജീവിതങ്ങൾ കേഥെയുടെ കലാപ്രവർത്തനത്തിൽ എക്കാലത്തെയും പ്രചോദനങ്ങളായി നിലനിന്നു. പിന്നീട് കേഥെയും ഭർത്താവും ബെർലിനിലേക്ക് താമസം മാറ്റി. ബെർലിനിലെ ദരിദ്രരുടെ ഡോക്ടറായിരുന്നു കാൾ കോൾവിറ്റ്സ്സ്. ഡോക്ടർ കാൾ കോൾവിറ്റ്സ്സിന്റെ അപ്പാർട്ട്മെന്റിലെ ക്ലിനിക്കിനോട് ചേർന്നുള്ള മുറികളായിരുന്നു കേഥെയുടെ ബെർലിനിലെ സ്റ്റുഡിയോ. നാസികൾ ബോംബെറിഞ്ഞ് തകർക്കുന്നതു വരെ കേഥെയുടെ കലാ പ്രവർത്തനം ഈ സ്റ്റുഡിയോയിലായിയിരുന്നു.
"തൊഴിലാളികളുടെ ജീവിതവും അവർക്ക് നേരെ നടക്കുന്ന കൊടിയ ചൂഷണങ്ങളും, പുരുഷ മേധാവിത്വത്തിന് ഇരകളാകുന്ന സ്ത്രീകളുട നിരാലംബ ജീവിതങ്ങളും, ചികിത്സിക്കാൻ ഗതിയില്ലാത്ത രോഗികളുടെ അവസ്ഥകളും എനിക്ക് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞത് എന്റെ സ്റ്റുഡിയോ, ഡോക്ടറായ ഭർത്താവിന്റ ക്ലിനിക്കിനോട് ചേർന്നതായതുകൊണ്ടാണ്. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അഭയകേന്ദ്രമായിരുന്നു ഡോക്ടർ കാൾ കോൾവിറ്റ്സ്സിന്റെ ക്ലിനിക്. അവിടെയെത്തുന്ന സ്ത്രീകളുമായിട്ടുള്ള നിരന്തര ബന്ധം ജർമ്മൻ സാമൂഹ്യ വ്യവസ്ഥയെ മനസ്സിലാക്കുന്നതിൽ എന്നെ ഏറെ സഹായിച്ചു. പതിതരായ സ്ത്രീകളുമായുള്ള സൗഹൃദം എന്നെ തൊഴിലാളികളുടെ ജീവിതത്തിന്റെ ഭാഗമാക്കി. അവരുടെ വേദനകൾ എന്നിൽ മനോവ്യഥകളായി നീറിപ്പിടിച്ചു. അവരുമായുള്ള ചങ്ങാത്തം മൂലം ഇപ്പോൾ സമൂഹത്തിലെ എന്റെ പ്രാതിനിധ്യം തൊഴിലാളി വർഗ്ഗത്തിന്റേതാണ്. ഈ ക്ലിനിക്കിൽ വെച്ചുതന്നെയാണ് ഞാൻ തൊഴിലാളി വർഗ്ഗത്തിന്റെ ശക്തിയും ധൈര്യവും തിരിച്ചറിയുന്നതും. ഇവിടെ നിന്നാണ് ജർമ്മനിയിലെ നരക തുല്യമായ മധ്യവർഗ സമൂഹത്തിന്റെ ജീവിതവും ഞാൻ നേരിട്ടറിയുന്നത്. ഭരണകൂടത്തോട് പൊരുതി നിൽക്കുന്ന ജർമൻ ജനതയുടെ സമരാനുഭവങ്ങളുടെ ദൃക്സാക്ഷിയാകുവാൻ കഴിഞ്ഞതും ബെർലിനിൽ വച്ചാണ്. സ്ത്രീകൾക്കു നേരെ പുരുഷാധിപത്യം ഫണമുയർത്തി നിൽക്കുന്ന ദുരന്താനുഭവങ്ങളുടെ ഭീതിതമായ വിവരണങ്ങൾ ഞാൻ കേട്ടറിയുന്നതും ഇവിടെ വച്ചു തന്നെയാണ്. തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട നീറുന്ന വിഷയങ്ങൾ എന്നെ ശക്തമായി സ്വാധീനിച്ചതു മൂലമാണ് ഞാൻ ഒരു
പൂർണ്ണതയാർന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരിയായി തീർന്നത്. സോഷ്യലിസ്റ്റ് ആശയങ്ങളാണ് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതം ക്യാൻവാസിൽ പകർത്താൻ എന്നെ പ്രേരിപ്പിച്ച ഘടകം. സോഷ്യലിസത്തിന്റെ സമഭാവനകളുടെ വിത്തുകൾ ബാലപാഠങ്ങളിലൂടെ മുത്തച്ഛൻ കുട്ടിക്കാലത്ത് എന്റെ മനസ്സിൽ നിരന്തരം നിക്ഷേപിച്ചിരുന്നത് കൂടുതൽ വ്യക്തമാകുന്നതു ചൂഷണത്തിനു വിധേയമാകുന്ന മനുഷ്യരുമായുള്ള ദൈനംദിന ബന്ധങ്ങളിലൂടെയാണ്. അക്കാര്യത്തിൽ ഞാൻ എന്നും എന്റെ മുത്തച്ഛനോട് കടപ്പെട്ടിരിക്കും"
തന്റെ കലയിൽ പതിരുടെയും പരാജിതരുടെയും ജീവിതങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് കേഥെ കോൾവിറ്റ്സ്സ് ഇങ്ങനെയാണ് പ്രതികരിച്ചത്. സ്ത്രീകളെയും തൊഴിലാളിവർഗത്തെയും കേന്ദ്രീകരിച്ചുള്ള പ്രമേയങ്ങൾ അനുകമ്പയുടെ നനവുള്ള ചിത്രങ്ങളായി കേഥെ പകർത്തി. പുരുഷാധിപത്യത്തിന്റെ ജീർണ്ണമായ സംസ്കാരം അന്നു ജർമ്മനിയിലും രൂക്ഷമായിരുന്നു. ആൺ മേൽക്കോയ്മയുടെ ഇരകളായ സ്ത്രീകളുടെ ജീവിത വ്യഥകൾ കേഥെയെ ദുഃഖിതയാക്കി. തന്റെ ഛായാചിത്രങ്ങൾക്ക് ദുരിത ഭാവങ്ങൾ നൽകിയാണ് ക്യാൻവാസുകളിൽ അവർ സ്ത്രീകളുടെ ദുരന്തപൂർണ്ണമായ അവസ്ഥകൾ ആവിഷ്കരിച്ചത്. ഭർത്താവിന്റെ ക്ലിനിക്കിൽ രോഗികളായി എത്തിയിരുന്ന സ്ത്രീകളുടെ വേദനാജനകമായ അനുഭവങ്ങൾ അവരുടെ സുരക്ഷയെ കരുതി പീഡിതരുടെ പ്രാതിനിധ്യങ്ങൾ സ്വയം ഏറ്റെടുത്ത് തന്റെ രൂപത്തിലൂടെ വിവിധ ഭാവങ്ങളിൽ വൈവിധ്യമാർന്ന വിഷയങ്ങളായി കേഥെ സമൂഹത്തിനുമുന്നിൽ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചു. ഇടതൂർന്ന നേർത്ത രേഖകളിലൂടെ ഇരുളും വെളിച്ചവും നൽകി നിർമ്മിച്ച കേഥെയുടെ സെൽഫ് പോട്രേറ്റുകൾ സ്ത്രീകളുടെ
ഇരുൾ നിറഞ്ഞ ജീവിതത്തിന്റെ വേദനയാർന്ന വൈകാരികഭാവങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടി. അവർ തന്റെ സ്വന്തം ഛായാചിത്രങ്ങളിലൂടെ ആവിഷ്കരിച്ച പതിതരും രോഗികളുമായ സ്ത്രീകളുടെ കണ്ണുകൾ തീവ്രമാണ്‌, ജർമ്മൻ വ്യവസ്ഥിതിയോടുള്ള കേഥെയുടെ അമർഷമായിട്ടാണ് ഈ നോട്ടത്തെ കലാനിരൂപകർ പിന്നീട് വിലയിരുത്തിയത്. സ്ത്രീകളുടെ ആത്മാഭിമാനവും സ്വത്വബോധവും ഉയർത്തിപ്പിടിച്ച കലാകാരിയാണ് കേഥെ. ആശയങ്ങൾ അവതരിപ്പിക്കുവാൻ തനിക്ക് പെയിന്റിംഗിനേക്കാൾ വഴങ്ങുന്നത് ലിത്തോ ഗ്രാഫിയും, വുഡ് കട്ടുമാണെന്ന് സ്വയം വിലയിരുത്തിയ കേഥെ 1890 മുതൽ പൂർണ്ണമായും പ്രിന്റ് മേക്കിങ്ങിലേക്കും ശില്പകലയിലേക്കും തിരിഞ്ഞു. എണ്ണച്ചായത്തിൽ
വർണ്ണ ചിത്രങ്ങൾ വരച്ചിരുന്ന കേഥെ ഇരുളും വെളിച്ചവും നിറഞ്ഞ ചിത്രകലയുടെ ലോകത്തേക്ക് മാറി. ജർമ്മനിയുടെ ഇരുണ്ട കാലം അവതരിപ്പിക്കുവാൻ വർണ്ണങ്ങളെക്കാൾ ശക്തിയുള്ള നിറങ്ങൾ കറുപ്പും വെളുപ്പുമാണെന്ന് അവർ തിരിച്ചറിഞ്ഞു.
കൂലി വെട്ടിക്കുറച്ചതിനെ തുടർന്ന് 1844 ൽ നടന്ന ജർമ്മനിയിലെ സൈലേഷ്യൻ നെയ്ത്തുകാരുടെ പ്രക്ഷോഭത്തിന്റെ തീക്ഷ്ണത നാടകങ്ങളിൽ നിന്നും സാഹിത്യത്തിൽ നിന്നും ഗ്രഹിച്ച കേഥെ സംഭവബഹുലമായ ചരിത്ര സന്ദർഭങ്ങൾ ലിത്തോ ഗ്രാഫിലൂടെയും എച്ചിങ്ങിലൂടെയും "ദി വീവേഴ്സ് മാർച്ച്" എന്ന ശീർഷകത്തിലും, പ്രക്ഷോഭത്തിനു നേരെ നടന്ന അടിച്ചമർത്തലുകളും പീഡനങ്ങളും ദാരിദ്രം, മരണം, ഗൂഢാലോചന തുടങ്ങിയ പേരുകളിലും ആവിഷ്കരിച്ചു. "ദി വീവേഴ്‌സ് റിബലിയൻ" എന്ന പരമ്പരയിലാണ് കൃതികൾ പൂർണ്ണമായും നിർമ്മിച്ചത്. ജർമ്മൻ നെയ്ത്തുകാരുടെ കലാപത്തെക്കുറിച്ചുള്ള ഗെർഹാർട്ട് ഹോപ്‌റ്റ്‌മാൻ്റെ "ദ വീവേഴ്സ്" എന്ന നാടകത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് ഈ ചിത്രങ്ങളുടെ രചന അവർ നിർവഹിച്ചത്. പരമ്പര ആരംഭിച്ചത് "മിസറി" എന്ന ചിത്രത്തിലൂടെയാണ്. ദാരിദ്ര്യത്തിനിരയായ കുട്ടികളുടെ മരണമാണ് മിസറിയിലെ പ്രമേയം. ഒരു മുറിയിൽ നിശ്ചലമായ ഒരു തറിയുടെ അടുത്ത് മരിച്ച കുഞ്ഞിന്റേയും അരികിൽ മുട്ടുകുത്തി നിൽക്കുന്ന അമ്മയുടേയും രൂപങ്ങൾ ഇരുട്ടും വെളിച്ചവും ക്രമീകരിച്ചു സൃഷ്ടിച്ച കൃതി ദാരിദ്ര്യത്തെ കുറിച്ചുള്ള
വിലാപകാവ്യമാണ്. തൊഴിലാളികളുടെ അതിജീവനത്തെ അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ ഇരകളായി മരിച്ചുകൊണ്ടിരുന്നവരെ ആവിഷ്കരിക്കുന്ന നിരവധി ചിത്രങ്ങൾ അവർ രചിച്ചു. ചൂഷണ വ്യവസ്ഥയുടെ ആഘാതം അവരുടെ കൃതികളിൽ എല്ലായ്പ്പോഴും ഇരുണ്ട സ്ഥായിഭാവമായി വർത്തിക്കുന്നു. പട്ടിണി ബാധിച്ച ഒരു കുട്ടി അമ്മയുടെ അടുത്തേക്ക് നീങ്ങുമ്പോൾ ഒരു അസ്ഥികൂടം പിന്നിൽ നിന്ന് അമ്മയെ പിടിക്കുന്നു.
ഉറങ്ങുന്ന ഒരു ആൺകുട്ടിയെ മരണം സ്പർശിക്കുന്നു. ഒരു സ്ത്രീ തൻ്റെ മരിച്ചുപോയ കുഞ്ഞിനെ മുട്ടുകുത്തി കൊണ്ട് കിടത്തിയിട്ട് മരിച്ച കുഞ്ഞിന്റെ തുറന്നിരിക്കുന്ന മിഴികൾ അടയ്ക്കുന്നു.
അമ്മ തൻ്റെ കുഞ്ഞിന്റെ മുഖത്ത് അമർത്തി ഉമ്മ വയ്ക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന മാലാഖ. മരവിച്ചിരിക്കുന്ന മറ്റൊരാൾ ഇരുട്ടിൽ മരിച്ച കുട്ടിയുടെ തലയിൽ മൃദുലമായി തലോടുന്നു. ഭീതിയുടെ ഇരുണ്ട വെളിച്ചത്തിൽ അഭിനിവേശത്താൽ ആലിംഗനം ചെയ്യുന്ന കമിതാക്കൾ, നിശബ്ദരായി പരസ്പരം നോക്കിയിരിക്കുന്ന ദമ്പതിമാർ തുടങ്ങിയ നിരവധിയായ സന്ദർഭങ്ങൾ മനുഷ്യ നൊമ്പരങ്ങൾ ആവിഷ്കരിക്കുന്ന കേഥെയുടെ കൃതികളിലെ ദൃശ്യങ്ങളാണ്. ദി സാക്രിഫൈസ്, ദി വളണ്ടിയേഴ്സ്, ദി പാരൻസ്,
ദി വിഡോ, ദി മദേഴ്സ്, ദി പീപ്പിൾ തുടങ്ങിയ കൃതികൾ മുതലാളിത്ത വ്യവസ്ഥയുടെ ദാരുണമായ അവസ്ഥകൾ വെളിവാക്കുന്ന വേദനിപ്പിക്കുന്ന കലാസൃഷ്ടികളാണ്.
ജർമ്മനിയുടെ സമരോത്സുകമായ ഭൂതകാലങ്ങളെ വർത്തമാന സമൂഹത്തെ ഓർമ്മപ്പെടുത്തുവാനുള്ള അഭിവാഞ്ചയായിരുന്നു
ഈ രചനകളിലൂടെ കേഥെയുടെ ലക്ഷ്യം. ജർമ്മനിയിൽ നടന്ന പതിതരുടെ നിരവധി പ്രക്ഷോഭങ്ങളും കലാപങ്ങളും കേഥെ തന്റെ കൃതികളിലൂടെ നിരന്തരം പുനർസൃഷ്ടിച്ചു.
1892ലും 1896ലും ജനിച്ച കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയും ഒരമ്മയെന്ന നിലയിൽ അവരിൽ നിക്ഷിപ്തമായപ്പോഴും കലാപ്രവർത്തനത്തെ സുരക്ഷിതമായി അവർ മുന്നോട്ടു കൊണ്ടുപോയി. ദൃശ്യകലയിൽ അമൂർത്തമായ ശൈലി ജർമ്മനിയിൽ വ്യാപകമായപ്പോഴും കേഥെ അതിനു വഴങ്ങാതെ തന്റെ ലളിതമായ ആവിഷ്കാര ശൈലി തുടർന്നു. സാധാരണക്കാരായ മനുഷ്യരോടാണ് താൻ കലയിലൂടെ സംവേധിക്കുന്നതെന്നായിരുന്നു ഇതിനുള്ള കേഥെയുടെ വിശദീകരണം. കൃതികളുടെ ഭാവാത്മകമായ ചൈതന്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി രചനകളിൽ വിവിധ പ്രിൻ്റിംഗ് ടെക്നിക്കുകൾ അവർ മിക്സ് ചെയ്തിരുന്നു.
1522 മുതൽ 1525 വരെ ജർമ്മനിയിൽ നടന്ന ഐതിഹാസികമായ കർഷക കലാപവും ഏഴ് ഖണ്ടങ്ങളായി ലിത്തോ ഗ്രാഫിക് ഇമേജുകളായി അവർ പുനർ സൃഷ്ടിച്ചു. "ദി പെസൻസ് വാർ" എന്ന ശീർഷകത്തിലാണ് കാർഷിക കലാപം കേഥെ ആവിഷ്കരിച്ചത്. കുട്ടിക്കാലത്ത് പതിരോടുള്ള സഹതാപം മുതിർന്നതോടെ കേഥെയിൽ സഹാനുഭൂതിയായി വളർന്നുകൊണ്ടിരുന്നു.
1914 ഒക്ടോബറിൽ ഒന്നാം ലോകയുദ്ധത്തിൽ ഇളയ മകൻ പീറ്ററിന്റെ മരണത്തിന്റെ ആഘാതം കേഥെയുടെ ജീവിതാവസാനം വരെ അവരിൽ ഘനീഭവിച്ച വിങ്ങലായി നീറിക്കൊണ്ടിരുന്നു. അമ്മമാരുടെ ഒടുങ്ങാത്ത വിലാപങ്ങളുടെ ദൃശ്യങ്ങൾ നിറഞ്ഞ കേഥെയുടെ ആത്മാംശം നിറഞ്ഞ യുദ്ധവിരുദ്ധ ചിത്രങ്ങളിൽ
മകൻ പീറ്ററിന്റെ ഓർമ്മകളും തളം കെട്ടി നിന്നിരുന്നു. ഭരണകൂട ഭീകരതയുടെ ദുരന്തങ്ങളും, യുദ്ധത്തിന്റെ ഇരകളും, മരണങ്ങളും നിറഞ്ഞതാണ് കേഥെയുടെ രചനകളിലേറെയും.
1919 ജനുവരി 15നു ജർമൻ പോലീസ് കൊല ചെയ്ത യുദ്ധവിരുദ്ധ പ്രചാരകനും, എഴുത്തുകാരനും, ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന കാൾ ലീബ്നെക്റ്റിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട നിരവധി വുഡ് കട്ട് പ്രിന്റുകൾ കേഥെ കോൾവിറ്റ്സ്സ് നിർമ്മിച്ചു. ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു കാൾ ലീബ്നെകറ്റ്. ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികയുമായിരുന്ന റോസാ ലക്സംബർഗിനേയും, കാൾ ലീബ്നെക്റ്റിനേയും ഒരേ ദിവസമാണ് ഗൂഢാലോചന നടത്തി ജർമ്മൻ പോലീസ് ബെർലിനിൽ വധിക്കുന്നത്. ഹിറ്റ്ലർ അധികാരത്തിൽ വരുന്നതിനു മുന്നേ തന്നെ
നാസികൾ ഫാസിസത്തിന്റെ വിത്തുകൾ ജർമ്മനിയിൽ വിതച്ചു തുടങ്ങിയിരുന്നു. കാൾ ലീബ്നെക്റ്റിന്റെ മൃതദേഹം വികൃതമാക്കി അജ്ഞാത സ്ഥലത്താണ് അവർ മറവു ചെയ്തത്. കാൾ ലീബ്നെക്റ്റിന്റെ അന്ത്യയാത്രയുൾപ്പെടെ തന്റെ ഭാവനയിലൂടെ ആവിഷ്കരിക്കുകയായിരുന്നു കേഥെ. അവർ വളരെയധികം ആരാധിച്ച നേതാവായിരുന്നു കാൾ ലീബ്നെക്റ്റ്. രക്തസാക്ഷി
കാൾ ലീബ്നെക്റ്റിന്റെ പുത്രൻ റോബർട്ട് ലീബ്നെക്റ്റ് പ്രശസ്തനായ ജർമൻ ചിത്രകാരനായിരുന്നു. റോബർട്ട് ലീബ്നെക്റ്റ് ചിത്രകലയുടെപാത തെരഞ്ഞെടുക്കുന്നത് കേഥെ കോൾവിറ്റ്സ്സിന്റ നിർബന്ധപ്രകാരമാണ്. അദ്ദേഹത്തിന് കലയിൽ പരിശീലനം നൽകുന്നതിനും കേഥെയുടെ പങ്ക് പ്രധാനമാണ്.
1898 ഗ്രേറ്റ് ബെർലിൻ ആർട്ട് എക്‌സിബിഷനിൽ കേഥെയുടെ
"ദി വീവേഴ്‌സ് റിവോൾട്ട്" എന്ന പരമ്പര ആദ്യമായി പ്രദർശിപ്പിച്ചു. 1898 മുതൽ ബെർലിൻ അക്കാദമി ഫോർ വിമൻ ആർട്സിൽ അധ്യാപികയായി അവർ സേവനമനുഷ്ഠിക്കുവാൻ തുടങ്ങി.
1919ൽ പ്രഷ്യൻ അക്കാദമി ഓഫ് ആർട്‌സിൽ പൂർണ്ണ അംഗമാകുന്ന ആദ്യ വനിതയായി കേഥെ. അതേവർഷം തന്നെ അക്കാദമിയിലെ പ്രൊഫസറായും അവർ നിയമിക്കപ്പെട്ടു. ഭർത്താവ് കാൾ കോൾവിറ്റ്സ്സിനോടൊപ്പം സോവിയറ്റ് യൂണിയൻ അവർ സന്ദർശിച്ചു. ശില്പകലാ പഠനത്തിന്റെ ഭാഗമായി അവർ പാരീസും സന്ദർശിച്ചിരുന്നു.
ഈ കാലത്താണ് "ദി വാർ " എന്ന വുഡ് കട്ട്‌ പരമ്പര പൂർത്തിയാക്കുന്നതും അതിന്റെ പ്രദർശനങ്ങൾ ബർലിനിൽ സംഘടിപ്പിക്കുന്നതും.1927 ൽ കേഥെ കോൾവിറ്റ്സ്സിന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് പ്രഷ്യൻ അക്കാദമിയിൽ അവരുടെ കൃതികളുടെ വിപുലമായ പ്രദർശനം നടന്നു. രക്തസാക്ഷിയായ അവരുടെ മകൻ പീറ്ററിൻ്റെ സ്മരണയ്ക്കായി ബെൽജിയത്തിലെ റോഗ്ഗെവെൽഡെയിലുള്ള സൈനിക സെമിത്തേരിയിൽ കേഥെ നിർമ്മിച്ച "വിലാപിക്കുന്ന മാതാപിതാക്കൾ" എന്ന് ശീർഷകത്തിലുള്ള ശില്പ സ്മാരകം അവർ സ്ഥാപിച്ചു., "മകനുവേണ്ടി അമ്മ പണിത സ്മാരകം" എന്ന നിലയിൽ ഈ ശില്പം പ്രശസ്തമായി. 1928ൽ പ്രഷ്യൻ അക്കാദമി ഓഫ് ആർട്ടിലെ ഗ്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായി കേഥെ നിയമിക്കപ്പെട്ടു. അതേ വർഷം തന്നെ അവർക്ക് ശാസ്ത്രത്തിനും കലയ്ക്കുമുള്ള ആദ്യത്തെ പരമോന്നത ബഹുമതിയായ ഓർഡർ പൗർലെ പുരസ്കാരം ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി. പ്രതിരോധത്തിന്റെ ചിത്രകാരി എന്ന കേഥെയെ കുറിച്ചുള്ള ഖ്യാതി ലോകമാകെ വ്യാപിച്ചിരുന്നു. ലോകമെമ്പാടുമുള്ള അവരുടെ പ്രശസ്തിയും ജനങ്ങളുടെ പിന്തുണയും കേഥെയെ വകവരുത്തുവാനുള്ള ഗൂഢാലോചനകളിൽ നിന്നും സോഷ്യലിസ്റ്റ് വിരുദ്ധർക്ക് പിൻവലിയേണ്ടിവന്നു.
1933 ൽ ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിലെത്തിയതിനെ തുടർന്ന് അവർക്ക് നേരെയുള്ള ഭീഷണി വർദ്ധിച്ചു. നാഷണൽ സോഷ്യലിസ്റ്റുകൾ പ്രഷ്യൻ അക്കാദമിയിൽ നിന്ന് രാജിവെക്കാനുള്ള ഹിറ്റ്ലറുടെ ഉത്തരവുകൾ വന്നു. കേഥെ കോൾവിറ്റ്സ്സിനെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും ഹിറ്റ്ലർ ഭരണകൂടം പുറത്താക്കി. 1936-ൽ ഗസ്റ്റപ്പോകൾ കേഥെ കോൾവിറ്റ്‌സിന്റെ വീടുവളയുകയും അറസ്റ്റ് ചെയ്തു തടങ്കൽപ്പാളയത്തിലേക്ക് നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തി. യാതൊരു ഭാവ ഭേദവുമില്ലാതെ "ഞാൻ തയ്യാർ തടങ്കൽ പാളയത്തിൽ എനിക്കു വരയ്ക്കുവാൻ ചാർക്കോളും ക്യാൻവാസും നിങ്ങൾ എത്തിച്ചു തന്നാൽ മതിയെന്ന" കേഥെയുടെ പ്രതികരണം നാസികളായ ഗസ്റ്റപ്പോകളെ ചൊടിപ്പിച്ചു. വിറളി പിടിച്ച ഗസ്റ്റപ്പോകൾ കേഥെയുടെ അന്താരാഷ്ട്ര പ്രശസ്തി മൂലം തൽക്കാലം പിന്തിരിയുകയും, കേഥെ ഭീഷണിയെ അതിജീവിക്കുകയും ചെയ്തു. ഹിറ്റ്ലർ അധികാരം കയ്യാളിയതോടെ കേഥെയുടെ ജീവിതം സംഘർഷാത്മകമായ പിരിമുറുക്കത്തിലായി. നാസികളുടെ റെയ്ഡുകളും പ്രദർശനങ്ങൾക്കുള്ള വിലക്കുകളും, വധ ഭീഷണികളും നിരന്തരം തുടർന്നു. കേഥെക്ക് എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിയിരുന്ന ഭർത്താവ് കാൾ കോൾവിറ്റ്‌സിന്റെ മരണം അവരെ വല്ലാതെ തളർത്തി. 1940 മുതൽ അവർ ഒറ്റയ്ക്കായിജീവിതം. എന്റെ ചിറകൊടിഞ്ഞു പോയിരിക്കുന്നു എന്നാണ് ഭർത്താവിന്റെ മരണത്തെക്കുറിച്ച് അവർ പ്രതികരിച്ചത്. 1943-ൽ അവരുടെ വീടും സ്റ്റുഡിയോയും നാസികൾ ബോംബെറിഞ്ഞു തകർത്തു. കേഥെയുടെ ചിത്രങ്ങളും, പ്രിന്റുകളും, സ്റ്റുഡിയോയും കത്തിച്ചാമ്പലായി. കേഥെയെ വധിക്കുകയായിരുന്നു നാസികളുടെ ലക്ഷ്യം എന്നാൽ കേഥെ കോൾവിറ്റ്സ്സ് ബോംബാക്രമണത്തെയും അതിജീവിച്ചു. അവരുടെ കലാസൃഷ്ടികൾ മ്യൂസിയങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും കലാപ്രദർശനങ്ങളിൽ നിന്ന് കേഥെയെ ഭരണകൂടം പൂർണ്ണമായി വിലക്കുകയും ചെയ്തു.
കേഥെ അവരുടെ കലാപ്രവർത്തനം തുടർന്നുകൊണ്ടേയിരുന്നു.
"മരണം" എന്ന ശീർഷകത്തിലുള്ള രചനകളുടെ പരമ്പര വിലക്കുകളുള്ളപ്പോഴും അവർ തുടർന്നു. ഭരണകൂടത്തെ അവർ ഭയന്നിരുന്നില്ല.
"എനിക്ക് മരിക്കാൻ ആഗ്രഹമില്ല, അവർ എന്നെ കൊല്ലും. അതുവരെ ഞാൻ എൻ്റെ കഴിവ് ഞാൻ ജർമ്മൻ ജനതയ്ക്ക് വേണ്ടി സമർപ്പിച്ചു കൊണ്ടിരിക്കും. എന്റെ മുത്തച്ഛൻ എന്നിൽ വിതച്ച മാനവികതയുടെ വിത്തുകൾ മുളച്ച് അവസാനത്തെ ചെറിയ ചില്ലയും വളർന്ന് ജർമ്മനിയിൽ പുഷ്പിക്കുന്നതുവരെ എനിക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ അത് സാധ്യമല്ല നാസികൾ എന്നെ അതിന് അനുവദിക്കില്ല. എല്ലാ യുദ്ധങ്ങൾക്കും
ഒരന്ത്യമുണ്ടാകും. അതിന് വളരെയധികം കഠിനാധ്വാനം ആവശ്യമായി വരും പക്ഷേ നമ്മൾ ഫാസിസത്തെ നേരിടുക തന്നെ ചെയ്യും. പ്രധാനപ്പെട്ട കാര്യം വിജയം വരെ ശിരസുയർത്തിപ്പിടിച്ച് സമരം ചെയ്യുക എന്നതാണ്. സമരമല്ലാതെ മറ്റൊരു മാർഗവും അതിനില്ല, സമരമില്ലാതെ ജീവിതവുമില്ല"
കേഥെ കോൾവിറ്റ്സ്സിന്റെ അവസാന വാക്കുകളായിരുന്നു.
ദുരന്തപൂർണ്ണമായ മനുഷ്യാവസ്ഥകളെ നിരന്തരമായി ആവിഷ്ക്കരിക്കുകയും ഇരുട്ടിലേക്ക് മറഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തെ വെളിച്ചത്തിലേക്ക് മാറ്റിപ്പണിയുന്നതിൽ കലക്ക് നിർണായകമായ പങ്കു വഹിക്കുവാൻ കഴിയുമെന്നുള്ള ഉറച്ച ബോധ്യത്തിൽ പതിരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതവും സമരവും കലയിലൂടെ ചിത്രീകരിച്ച കേഥെ കോൾവിറ്റ്സ്സ്. 1945 ഏപ്രിൽ 22 നു എഴുപത്തി ഏഴാമത്തെ വയസ്സിൽ അന്തരിച്ചു.
കേഥെ കോൾവിറ്റ്സ്സ് മരിച്ചതിന്റെ എട്ടാം നാൾ ഏപ്രിൽ 30ന് അവരുടെ അന്ത്യവചനങ്ങൾ യാഥാർത്ഥ്യമായി. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ചെമ്പട ഹിറ്റ്ലറുടെ ഫാസിസ്റ്റ് കോട്ട പിടിച്ചടക്കി.
നാസികൾ ചെമ്പടക്ക് കീഴടങ്ങി. ലോകം കണ്ട ക്രൂരനായ ഫാസിസ്റ്റ് കൊലയാളി ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. കേഥെ കോൾവിറ്റ്സ്സിന്റെ
വാക്കുകൾ ഓർത്തിരിക്കുക "എല്ലാ യുദ്ധങ്ങൾക്കും

ഒരന്ത്യമുണ്ടാകും സമരമല്ലാതെ മറ്റൊരു മാർഗവും അതിനില്ല, സമരമില്ലാതെ ജീവിതവുമില്ല" 

Comments